Society Today
Breaking News

കൊച്ചി: ഒക്ടോബര്‍ 10 മുതല്‍ 13 വരെ കൊച്ചിയില്‍ നടക്കുന്ന 16ാമത് അഗ്രികള്‍ച്ചറല്‍ സയന്‍സ് കോണ്‍ഗ്രസില്‍ പ്രതിനിധിയായി പങ്കെടുക്കുന്നതിനുള്ള റഗുലര്‍ റജിസ്‌ട്രേഷന്‍ സെപ്തംബര്‍ 20ന് അവസാനിക്കും. ഗവേഷണ പ്രബന്ധനങ്ങള്‍ അവതരിപ്പിക്കുന്നതിന് അപേക്ഷ നല്‍കാന്‍ നാളെ (സെപ്തംബര്‍ 15 വെള്ളി) രാത്രി 12 മണിവരെ അവസരമുണ്ട്. ഡല്‍ഹിയിലെ നാഷണല്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സ് (നാസ്) സംഘടിപ്പിക്കുന്ന സമ്മേളനത്തിന് ഇത്തവണ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആര്‍ഐ) ആതിഥ്യമരുളുന്നത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കാര്‍ഷികഭക്ഷ്യസംവിധാനങ്ങളുടെ പരിവര്‍ത്തനം എന്ന പ്രമേയത്തിലാണ് സമ്മേളനം.

ലോകമെമ്പാടുമുള്ള പ്രമുഖരായ ഗവേഷകര്‍, അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, സംരംഭകര്‍ തുടങ്ങിയവര്‍ കാര്‍ഷികഅനുബന്ധ മേഖലകളിലെ കണ്ടെത്തലുകളും ആശയങ്ങളും അവതരിപ്പിക്കും.കര്‍ഷക സംഗമം മുഖ്യ ആകര്‍ഷണം വിവിധ കാര്‍ഷികവൃത്തിയിലൂടെ വിജയം കൈവരിച്ച കര്‍ഷകരുടെ സംഗമം സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷങ്ങളിലൊന്നാണ്. പദ്മ പുരസ്‌കാരജേതാക്കളുള്‍പ്പടെയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന കര്‍ഷകര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കും.  കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശാസ്ത്രജ്ഞരുമായി ചര്‍ച്ച ചെയ്യാനും രാജ്യത്തെ പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്മാര്‍ കൂടി പങ്കെടുക്കുന്ന കര്‍ഷകശാസ്ത്രജ്ഞ സംവാദവും ഇതോടനുബന്ധിച്ച് നടക്കും.

കാര്‍ഷികരംഗത്തെ വ്യവസായികളും ശാസ്ത്രജ്ഞരും തമ്മിലുള്ള ആശയസംവാദവും സമ്മേളനത്തിലുണ്ട്.ഭക്ഷ്യപോഷക സുരക്ഷ, കാലാവസ്ഥാവ്യതിയാനം, കാര്‍ഷിക ഉല്‍പാദന വ്യവസ്ഥ, ഉല്‍പന്നങ്ങള്‍, ജനിതകസാങ്കേതികവിദ്യകള്‍, മൃഗസംരക്ഷണം, ഹോട്ടികള്‍ച്ചര്‍, അക്വാകള്‍ച്ചര്‍, മത്സ്യബന്ധനം, പുത്തന്‍ സാങ്കേതികവിദ്യകള്‍, നയരൂപീകരണം തുടങ്ങി അനേകം വിഷയങ്ങളിലുള്ള ചര്‍ച്ചകളുണ്ടാകും.ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി 1500ലേറെ പ്രതിനിധികള്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. (www.16asc2023.in).

Top